സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന വിഷയമാണ് വയോജനക്ഷേമമെന്നും, വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കേവലം നിയമപരമായ പ്രക്രിയകളിലൂടെ മാത്രം തീർപ്പാക്കാൻ സാധിക്കില്ലെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. ഇന്ത്യയിലാദ്യമായി രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഡെമോഗ്രാഫിക് ചേഞ്ച് വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയിൽ വയോജനങ്ങളുടെ ശതമാനം വർധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വയോജനക്ഷേമത്തിന് മുൻഗണന നൽകുന്നത്. വയോജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം ഒറ്റപ്പെടലാണ്. ജോലി സംബന്ധമായും മറ്റും മക്കൾ വിദേശത്തു പോകുന്നതും മറ്റ് പല കാരണങ്ങളും കൊണ്ട് ഇത്തരം ഒറ്റപ്പെടലുകൾ വർധിക്കുന്നു. സർക്കാരിന് സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കുമെങ്കിലും സമൂഹമെന്ന നിലയിൽ എല്ലാവരും ചേർന്നാണ് ഇതിന് പരിഹാരം കാണേണ്ടത്.
വയോജന കമ്മീഷനു മുന്നിൽ എത്തുന്ന ഭൂരിഭാഗം പരാതികളും സ്നേഹത്തോടെയും വാത്സല്യത്തോടെയും മക്കൾക്ക് എഴുതിനൽകിയ സ്വത്തോ വീടോ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം തിരികെ വേണമെന്നാവശ്യപ്പെട്ടുള്ളവയാണ്. ടോൾ ഫ്രീ നമ്പറിലേക്ക് വരുന്ന കോളുകളിൽ ഭൂരിഭാഗവും ആഴ്ചയിൽ ഒരിക്കലെങ്കിലും ആരോടെങ്കിലും സംസാരിക്കാൻ ആഗ്രഹിക്കുന്നവരുടേതാണ്.
