ഖാദി വസ്ത്രത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിന്റെ ആത്മാവും വികാരവുമായി മാറിയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും സംസ്ഥാനത്തെ അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള പാളയം എൽ എം എസ് കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി സ്വദേശി പ്രസ്ഥാനത്തിലൂടെ ഖാദിയെ ദേശീയ ഐക്യത്തിന്റെ പ്രതീകമാക്കി. വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിച്ച് സ്വദേശി ഉത്പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിലൂടെ രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ അണിനിരത്താൻ ഖാദിനിർണായക പങ്കു വഹിച്ചു.
ഇന്ന് ഖാദി മേഖല വസ്ത്രങ്ങൾക്കപ്പുറം ചെരിപ്പ്, ഗ്രാമവ്യവസായ ഉത്പ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മേഖലയായി വളർന്നിട്ടുണ്ട്. ഖാദി മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവരുടെ ഉപജീവനത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും ഈ മേഖല വലിയ സംഭാവന നൽകുന്നു.
