ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേള എന്ന സവിശേഷത ഐഡിഎസ്എഫ്എഫ്കെയ്ക്കുണ്ട്. പുതുമയാർന്ന ചലച്ചിത്രഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും അന്താരാഷ്ട്ര വേദിയൊരുക്കുന്നതിൽ ഈ മേള ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്.
ഇതിനുപുറമെ, ഐഡിഎസ്എഫ്എഫ്കെയുടെ ഏറ്റവും വലിയ അന്താരാഷ്ട അംഗീകാരങ്ങളിലൊന്നാണ് ഓസ്കാർ ക്വാളിഫയിങ് ഫെസ്റ്റിവൽ എന്ന പദവി. ഈ മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി അവാർഡുകളുടെ (ഓസ്കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാനുള്ള അർഹത ലഭിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്ന വേദിയായി ഐഡിഎസ്എഫ്എഫ്കെ മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണത്തെ മേളയിലേക്ക് 1,741 എൻട്രികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിന്നുള്ള ഈ എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
