സംസ്ഥാനത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ‘നിർമലം’ – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമാകുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് എറണാകുളം നോർത്ത് പറവൂരിലെ സണ്ണി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. മാലിന്യസംസ്കരണത്തിൽ രാജ്യത്തെ മാതൃകാ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ എം ഷാജി സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2031 മാർച്ച് 30-ലെ സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ സമ്പൂർണ മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ ഏകോപിപ്പിക്കുന്ന ഈ ജനകീയ ക്യാമ്പയിന്റെ ലക്ഷ്യം. മൂന്നുഘട്ടങ്ങളിലായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. മാലിന്യസംസ്കരണത്തിൽ ഏർപ്പെട്ടിട്ടുള്ള വിവിധ സർക്കാർ ഏജൻസികളെ ഉൾപ്പെടുത്തി വേസ്റ്റ് മാനേജ്മെന്റ് അതോറിറ്റിയോ കോർപ്പറേഷനോ രൂപീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ഹ്രസ്വകാല ക്യാമ്പയിൻ 2027 ഒക്ടോബർ രണ്ട് വരെ നീണ്ടുനിൽക്കും. സംസ്ഥാനത്തെ 30 ശതമാനം വീടുകൾക്കും സ്ഥാപനങ്ങൾക്കും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടാക്കുക, 20 ശതമാനം വൻകിട മാലിന്യ ഉത്പാദകരും ഉറവിട ജൈവമാലിന്യ സംസ്കരണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, 100 തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ്ണ ജൈവമാലിന്യ സംസ്കരണ ശേഷിയിലേക്ക് ഉയർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. പൊളിക്കുന്ന കെട്ടിടങ്ങളുടെ മാലിന്യ ശേഖരണ സംവിധാനം കോർപറേഷനുകളിൽ ഒരുക്കുന്നതിനൊപ്പം 40 ശതമാനം സാനിറ്ററി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനും ഇതിനായി രണ്ട് പുതിയ പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയാക്കാനും ലക്ഷ്യമുണ്ട്.
