മഴയുടെ അഭാവം മൂലം സംസ്ഥാനത്തെ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 4800 മുതൽ 4900 മെഗാവാട്ട് വരെയായി ഉയർന്നിട്ടുണ്ട്. ജനങ്ങൾക്ക് അമിതഭാരം ഏൽപ്പിക്കാതെ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കൃത്യമായി ജനങ്ങളെ അറിയിക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകും.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി നൽകാനുണ്ടായിരുന്ന ഏകദേശം 15 കോടി രൂപയുടെ കുടിശ്ശിക പൂർണ്ണമായും അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് സർക്കാർ വലിയ മുൻഗണന നൽകുന്നുണ്ട്.
ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് ദേവസ്വം ബോർഡും വിവിധ വകുപ്പുകളും സംയുക്തമായി യോഗങ്ങൾ ചേർന്ന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും. കുടുംബശ്രീയെ ശക്തിപ്പെടുത്തുമെന്നും സബ്സിഡി ഉൾപ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
