വിദ്യാർത്ഥികളിലൂടെ പുതിയൊരു ഉപഭോക്തൃ സംസ്കാരം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ലോക ഹരിത ഉപഭോക്തൃ ദിനാചരണത്തിന്റെയും സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയതായി 1000 കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരണ പ്രഖ്യാപനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം പട്ടം ലീഗൽ മെട്രോളജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 1000 സ്കൂൾ കൺസ്യൂമർ ക്ലബ്ബ് എന്നത് തുടക്കത്തിൽ തന്നെ 1100-ലധികം എന്ന നേട്ടത്തിലേക്കെത്തിയത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
ഉപഭോക്താക്കളുടെ അവകാശങ്ങളേയും ഉപഭോക്തൃ നിയമങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ കൺസ്യൂമർ ക്ലബ്ബ് വഴി സാധിക്കും. ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ച് സമൂഹത്തിൽ ക്രിയാത്മക ഇടപെടലാണ് കൺസ്യൂമർ ക്ലബുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ നിയമങ്ങൾ, അവകാശങ്ങൾ എന്നിവയിൽ നിയമപരമായ ബോധവത്ക്കരണവും പരിരക്ഷയും പൊതുജനങ്ങളിൽ ഉറപ്പാക്കണം. ഇതിന്റെ ഭാഗമായാണ് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സ്കൂൾ കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഉപഭോക്തൃ സംസ്കാരം പരിസ്ഥിതി സൗഹാർദമാകണം. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുമ്പോൾ വരും തലമുറകൾക്കും അവ ആവശ്യമാണെന്ന ചിന്ത എല്ലാവരിലുമുണ്ടാകണം. ഉപഭോക്താവിന്റെ അവകാശങ്ങളെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ വകുപ്പ് നിരന്തര ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
