പൊഴിയൂർ കടൽഭിത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊഴിയൂർ കടൽഭിത്തി നിർമാണോദ്ഘാടനം പൊഴിയൂർ സർക്കാർ യു പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കടൽക്ഷോഭത്താൽ ദുരന്തം അനുഭവിക്കുന്ന പൊഴിയൂർ നിവാസികളുടെ ഏറെക്കാലത്തെ ജനകീയ ആവശ്യമാണ് സർക്കാർ പരിഹരിക്കുന്നത്. സർക്കാർ അധികാരത്തിലെത്തി 100 ദിവസം തികയും മുമ്പ് ഈ കാര്യത്തിൽ തീരുമാനമെടുത്തു. പദ്ധതികൾ നടപ്പാക്കുക എന്ന ഉറച്ച നിലപാടാണ് സർക്കാരിന്റേത്. കടൽഭിത്തി നിർമാണത്തോടെ ജനങ്ങളുടെ വസ്തുവകകൾക്കും ജീവിതത്തിനും സംരക്ഷണം ഉറപ്പാകും. ഈ നാടുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവ ഒന്നൊന്നായി പരിഹരിക്കും. വഴിമുക്ക്- അമരവിള റോഡിന്റെ വികസനം ഉൾപ്പെടെ നടപ്പാക്കും.
തീരദേശമേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വികസന പാതയിലാണ്. തുറമുഖങ്ങളുമായി ചേർന്ന് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാർക്ക് കൂടി സംരക്ഷണം ഒരുക്കാൻ പ്രതിജ്ഞാബദ്ധരാണ്. സർക്കാരിന്റെ ആദ്യ ബജറ്റിൽ 25 രൂപയുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി ഉയർത്തി.
മത്സ്യത്തൊഴിലാളികളുടെയും തീരപ്രദേശത്തെ ജനങ്ങളുടെയും സങ്കടം മനസ്സിലാക്കിയ സർക്കാരാണ് കേരളത്തിലുള്ളത്. പ്രിയദർശനി പദ്ധതിയിലൂടെ സ്ത്രീകളോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നു. ആശാപ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, മറ്റു തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ശ്രദ്ധിക്കുന്ന സർക്കാരാണ് ഇവിടെ ഉള്ളത്. സാധാരണക്കാർക്കൊപ്പം എന്നും നിലകൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
