ഭവനപദ്ധതികളിലേക്ക് നവംബർ ഒന്നു മുതൽ 16 വൈകിട്ട് അഞ്ചുമണി വരെ അപേക്ഷ സമർപ്പിക്കാം. പട്ടിക ജാതി ഭവന പദ്ധതിയിലെ ധനസഹായത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട വികസന ഓഫീസിൽ നേരിട്ടോ വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായോ അപേക്ഷിക്കാം. പട്ടികവർഗ വികസന വകുപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നേതൃത്വം നൽകും. നവംബർ 24 വരെ അപേക്ഷകളുടെ പരിശോധന നടത്തും. തയ്യാറാക്കിയ പട്ടിക നവംബർ 30 ന് ബന്ധപ്പെട്ട ജില്ലാ ഓഫീസർക്ക് സമർപ്പിക്കണം.
ഡിസംബർ മൂന്നിന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ ആറിനാണ് സംസ്ഥാനതല ഉദ്ഘാടനം. ഡിസംബറിൽ ആദ്യഗഡുവിതരണം ചെയ്യും. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയായിരിക്കണം. വിധവകൾ കുടുംബനാഥയായുള്ള കുടുംബങ്ങൾക്കും മാരക രോഗം ബാധിച്ച കുടുംബാംഗങ്ങളുളളവർക്കും മുൻഗണന നൽകും. പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങൾക്കും മുന്തിയ പരിഗണന ഉണ്ടാകും.
പട്ടികജാതി ഭവനപദ്ധതിയിൽ ഗ്രാമപരിധിയിൽ കുറഞ്ഞത് രണ്ട് സെന്റും നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്റും ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 70 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. 50,000 രൂപ വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകും. വകുപ്പ് നേരിട്ടായിരിക്കും ഗുണഭോക്തൃ പട്ടിക തയ്യാറാക്കുക. നിർമിക്കുന്ന ഭവനത്തിന് 500 ചതുരശ്ര അടി വിസ്തീർണമുണ്ടായിരിക്കണം. പട്ടികവർഗ ഭവനപദ്ധതിയിൽ ഒരു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർഥികളുള്ള കുടുംബത്തിന് മുൻഗണന നൽകും. പട്ടികജാതി ഭവന പദ്ധതി പ്രകാരമുള്ള ഭവന ധനസഹായം നാല് ലക്ഷം രൂപയിൽ നിന്നും ആറ് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. നാല് ഗഡുക്കളായിട്ടാവും ധനസഹായം വിതരണം.
