പകർച്ചവ്യാധികൾക്കെതിരെയുള്ള ഫീൽഡ്തല പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ വീടുകളിലേക്ക് നേരിട്ടെത്തി ഉറപ്പാക്കണം. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വീടുകൾ നേരിട്ട് സന്ദർശിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉയരാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെയും പഞ്ഞി അടക്കമുള്ള സർജിക്കൽ സാമഗ്രികളുടെയും ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എല്ലിന്റെ സംഭരണകേന്ദ്രങ്ങളിലാണ് നിലവിൽ സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ കണക്കുകൾ സഹിതം യോഗത്തിൽ വിശദീകരിച്ചു.
മരുന്ന് വിതരണം വേഗത്തിലാക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷൻ അടിയന്തരമായി ബോർഡ് യോഗം ചേർന്ന് ആവശ്യമായ പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും കർശന നിർദേശം നൽകി. ആവശ്യമെങ്കിൽ തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
