SARAL Kerala (Simplified and Accelerated Regulatory Approvals and Licenses) എന്ന പദ്ധതിയിലൂടെ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി നടപടികൾ കൂടുതൽ ലളിതമാക്കും. ഇതിനായി നിലവിലുള്ള 19 നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്താണ് പദ്ധതി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപത്തിന്റെ വലുപ്പം അനുസരിച്ച് രണ്ട് തലങ്ങളിലായാണ് അനുമതി സംവിധാനമൊരുക്കുക. 25 മുതൽ 50 കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതികൾക്ക് ജില്ലാതല സമിതിയും 50 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് സംസ്ഥാനതല സമിതിയും രൂപീകരിക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (KSIDC) പദ്ധതിയുടെ ഏകോപന ചുമതല.
വിവിധ വകുപ്പുകളുടെ നിലവിലുള്ള അധികാരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധനകളും അനുമതി നടപടികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏതെങ്കിലും വകുപ്പിന്റെ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് അനുമതി തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ പരിഹാരം കാണാൻ അപ്പീൽ സംവിധാനവുമുണ്ട്. നിക്ഷേപ പദ്ധതികളുടെ അനുമതികൾ വർഷങ്ങളോളം വൈകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
