കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ സർക്കാർ പൂർണ്ണമായും നടപ്പിലാക്കും. പ്രഖ്യാപിച്ച അഞ്ച് ‘ഇന്ദിര ഗ്യാരന്റികളിൽ’ രണ്ടെണ്ണത്തിൽ ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സാമ്പത്തിക പരിശോധനകൾക്ക് ശേഷം ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമ നയങ്ങളുടെയും വികസന കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ് നിയമസഭയിൽ ഗവർണർ നടത്തിയ ആദ്യ നയപ്രഖ്യാപനമെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകും. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ച് കേരളത്തെ വലിയൊരു തുറമുഖ നഗരമാക്കി മാറ്റുന്ന സ്വപ്നപദ്ധതി നടപ്പാക്കും. കൂടാതെ, സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പ്രയോജനപ്പെടുത്തി കേരളത്തെ എഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രത്യേക പരിഗണന നൽകുന്നതിനൊപ്പം വ്യവസായങ്ങളെ ആകർഷിക്കാനായി ലാൻഡ് ബാങ്കുകൾ രൂപീകരിക്കും. പതിനായിരം ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് (MSME) പുതുതായി അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയെ കാലഘട്ടത്തിനനുസരിച്ച് പൂർണ്ണമായി ആധുനികവൽക്കരിക്കും. ഇതിനായി സർവ്വകലാശാലകളെ മികച്ച സെന്റർ ഓഫ് എക്സലൻസുകളാക്കി മാറ്റും. പൊതുജനാരോഗ്യ മേഖലയിൽ കാൻസർ കെയർ, മാതൃ-ശിശു ആരോഗ്യം, വയോജന-മാനസിക ആരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും ചികിത്സാ ചിലവ് കുറയ്ക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും. മുതിർന്ന പൗരന്മാർക്ക് വേണ്ടി ഇന്ത്യയിലാദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് ഈ സർക്കാരാണെന്നും, ഇതിന്റെ തുടർ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
* കേരളത്തെ എഷ്യയിലെ ഏറ്റവും വലിയ എവിയേഷൻ ഹബ്ബാക്കും