നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം. നിലവിൽ വലിയ തുകയായി ഒരുമിച്ച് അടയ്ക്കേണ്ടിവരുന്ന നികുതി പ്രതിമാസമായി അടയ്ക്കാൻ അവസരം ലഭിക്കുന്നത് ഉടമകൾ നേരിടുന്ന സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കൃത്യമായ അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന ബസുകൾക്ക് നിലവിലെ 22 വർഷത്തെ കാലാവധി 25 വർഷമാക്കുന്നതിനായി കേരള മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും സമിതി ശുപാർശ ചെയ്തു.
കെ എസ് ആർ ടി സിയുടെ യാത്ര ഫ്യുവൽസ് പമ്പുകളിൽ നിന്ന് സ്വകാര്യ ബസുകൾക്ക് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. അവധി ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനായി അനുവദിക്കുന്ന പ്രത്യേക പെർമിറ്റുകളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഓൺലൈൻ സംവിധാനത്തിലൂടെ വേഗത്തിൽ പെർമിറ്റ് ലഭ്യമാക്കുകയും വേണം.
സുരക്ഷയെ ബാധിക്കാത്ത രീതിയിൽ സ്വകാര്യ ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതിന് അനുമതി നൽകണമെന്നും സമിതി നിർദേശിച്ചു. സ്വകാര്യ ബസുകൾക്ക് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിലവിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്ന ഉയർന്ന പ്രീമിയം ബസ് ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിലാണ് നിർദേശം.
