ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായ സെൻസസ് 2027ന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കേരളത്തിൽ ജൂലൈ 1 മുതൽ ആരംഭിക്കുമെന്ന് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ ബിജു തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
സെൻസസ് 2027 രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും (ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ – എച്ച്.എൽ.ഒ) 2026 ജൂലൈ 1 മുതൽ 30 വരെ കേരളത്തിൽ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക.
സെൻസസിനായി ആകെ 33 ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും, കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകി പൊതുജനങ്ങൾ സഹകരിക്കണമെന്ന് സംസ്ഥാന സർക്കാർ 2026 മേയ് 7ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ ഭാഗമായി 2026 ജൂൺ 16 മുതൽ ആരംഭിക്കുന്ന 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് https://se.census.gov.in/ പോർട്ടൽ വഴി കുടുംബ വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും. സമർപ്പിക്കുന്ന വിവരങ്ങൾ ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.
