മെയ് 16 ന് അവസാനിച്ച അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലവും ഏഴാം സെമസ്റ്റർ സപ്ളിമെന്ററി പരീക്ഷകളുടെ ഫലവും ക്രോഡീകരിച്ച ശേഷമാണ് 26 ദിവസത്തിനകം 2026 ബാച്ചിന്റെ ഫലം പ്രഖ്യാപിച്ചത്. 127 എൻജിനീയറിങ് കോളേജുകളിൽ 40 എൻജിനീയറിങ് ബ്രാഞ്ചുകളിലായി 30,810 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 18,515 വിദ്യാർഥികൾ വിജയിച്ചു. പരീക്ഷയെഴുതിയ 11937 പെൺകുട്ടികളിൽ 9203 പേർ വിജയിച്ചു. വിജയ ശതമാനം 77.1. 18,873 ആൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 9322 പേർ വിജയിച്ചു. വിജയ ശതമാനം 49.4. 9 ന് മുകളിൽ ഗ്രേഡുള്ള വിദ്യാർഥികളുടെ എണ്ണം 1376 ആണ്. 8 നു മുകളിൽ ഗ്രേഡുള്ളത് 6309 വിദ്യാർഥികൾക്കുമാണ്.
നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്കാണ് ബി.ടെക് ഓണേഴ്സ് നൽകുന്നത്. ഈ വർഷം 965 വിദ്യാർഥികൾ ബി.ടെക് ഓണേഴ്സ് ബിരുദത്തിന് അർഹരായി. സർവകലാശാല ‘മൈനർ ഇൻ എൻജിനീയറിങ്’ നടപ്പിലാക്കിയതിന് ശേഷമുള്ള നാലാമത്തെ ബി.ടെക്. ബാച്ചാണ് ഈ വർഷം പുറത്തിറങ്ങുന്നത്. ഈ വർഷം 2207 വിദ്യാർഥികൾ ബി.ടെക്. മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്സും മൈനറും ഒരുമിച്ചു നേടിയത് 310 വിദ്യാർഥികളാണ്.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് ആണ് വിജയശതമാനത്തിൽ ഏറ്റവും മുൻപിലുള്ളത്. 86.2 ആണ് കോളേജിന്റെ വിജയശതമാനം. പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ (85.9%) രണ്ടാം സ്ഥാനവും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (85.8%) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജും (85.1%) മോഡൽ എൻജിനീയറിങ് കോളേജും (82.6%) ആണ്. 40 ശതമാനത്തിന് മുകളിൽ വിജയശതമാനം നേടിയത് 82 കോളേജുകളും, 50 ശതമാനത്തിന് മുകളിൽ വിജയശതമാനം നേടിയത് 62 കോളേജുകളുമാണ്.
