കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കുമെന്നും പൈറസി വിഷയം വളരെ പ്രാധാന്യത്തോടെ കണ്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിനിമ, വിനോദസഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വിളിച്ചുചേർത്ത ചർച്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേർത്തത്. മലയാള സിനിമ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ തിളങ്ങിനിൽക്കുന്ന സമയമാണ്. സിനിമയുടെ മാർക്കറ്റ് വലിയ രീതിയിൽ വിപുലമായിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിക്ക് മോശം വരുന്ന ഒന്നും ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.
സിനിമ സംഘടനകൾ ഉന്നയിച്ച ‘ഇരട്ട നികുതി’ എന്ന വിഷയം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ സിനിമ വകുപ്പ് മാത്രമല്ല, ധനകാര്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഉൾപ്പെടെ പല വകുപ്പുകൾ ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളേണ്ട മേഖലയാണിത്. ഈ വിഷയം മുഖ്യമന്ത്രിയുമായും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായും ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
*പൈറസി വിഷയത്തിൽ ശക്തമായ നിയമനടപടി