നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലെ 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകന്റെ ഉത്തരവാദിത്വം വളരെ വലുതാണെന്നും ജീവിതകാലം മുഴുവൻ സമൂഹത്തിന്റെ ആദരവും സ്നേഹവും ഏറ്റുവാങ്ങുന്നവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി നിയമിതരാകുന്നവർ ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിച്ച് വിദ്യാർഥികൾക്കും സമൂഹത്തിനും മാതൃകയാകണം.
ഉന്നതവിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിച്ച് കേരളത്തെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാക്കി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.തൊഴിൽ മേഖലയിലെ മാറുന്ന ആവശ്യങ്ങൾ പരിഗണിച്ച് പുതിയതും നൂതനവുമായ കോഴ്സുകൾ ആരംഭിക്കും. വിദ്യാർഥികൾക്ക് മികച്ച തൊഴിൽസാധ്യത ഉറപ്പാക്കുന്ന കോഴ്സുകൾക്ക് മുൻഗണന നൽകുന്നതോടൊപ്പം വ്യവസായ മേഖലയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
