സംസ്ഥാനത്തെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങൾക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കർഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ജില്ലാ കൃഷി ഓഫീസർമാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര മേഖലകളിൽ വന്യജീവി ആക്രമണം കർഷകരുടെ ജീവിതത്തെയും കാർഷിക ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കർഷകരുടെ ആശങ്കകൾ നേരിട്ട് കേൾക്കുകയും ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) ഉൾപ്പെടെയുള്ള പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ കൃഷി വകുപ്പിന്റെ കീഴിലുള്ള 64 ഫാമുകളിലും ലഭ്യമായ മുഴുവൻ ഭൂമിയും കൃഷിയോഗ്യമാക്കി ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
